This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യൂറി, പിയേര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യൂറി, പിയേര്‍

Curie, Pierre (1859 - 1906)

പിയേര്‍ ക്യൂറി

നോബല്‍ സമ്മാന ജേതാവായ (1903) ഫ്രഞ്ചു ഭൗതികശാസ്ത്രജ്ഞന്‍. 1859 മേയ് 15-ന് പാരിസില്‍ ജനിച്ചു. ഭിഷഗ്വരനായ പിതാവ് നടത്തിയിരുന്ന ശാസ്ത്രപരീക്ഷണങ്ങള്‍ ബാലനായ ക്യൂറിയിലും ശാസ്ത്രാഭിരുചി വളര്‍ത്തി. 1875-ല്‍ സോര്‍ബോണില്‍നിന്ന് സയന്‍സില്‍ ബിരുദം നേടിയ ക്യൂറി അവിടെത്തന്നെ ലബോറട്ടറി അസിസ്റ്റന്റായി 1882 വരെ ജോലി ചെയ്തു. പിന്നീട് എക്കോളിലെ ജൂനിയര്‍ ഫിസിക്സ് സ്കൂളില്‍ ഡയറക്ടറായി 22 വര്‍ഷം സേവനം അനുഷ്ഠിച്ചു.

1895-ല്‍ രസതന്ത്രജ്ഞയായ മേരി സ്ക്ളൊഡോവ്സ്കയെ പിയേര്‍ ക്യൂറി വിവാഹം ചെയ്തു. ഈ വിവാഹം ഗവേഷണമണ്ഡലത്തിലും ക്യൂറിക്ക് ഒരു വഴിത്തിരിവായി ഭവിച്ചു. മേരിക്യൂറിയുടെ നിരീക്ഷണവിഷയമായ 'റേഡിയോ ആക്റ്റിവത'യില്‍ പിയേര്‍ ക്യൂറിയും ആകൃഷ്ടനായി. ഇത് അവരുടെ കൂട്ടായ ഗവേഷണത്തിന് വഴിതെളിച്ചു. ക്യൂറി ദമ്പതികളുടെ പരസ്പര പൂരകങ്ങളായ കഴിവുകളായിരുന്നു അവരുടെ അത്യന്തം ശ്രമകരങ്ങളായ പരീക്ഷണങ്ങളുടെ വിജയത്തിനു നിദാനം. പരികല്പനയിലും പരീക്ഷണത്തിലും ഒന്നുപോലെ ശോഭിച്ച ഒരു ഭൗതിക ശാസ്ത്രജ്ഞനായിരുന്നു പിയേര്‍ ക്യൂറി. മേരി ക്യൂറിയാകട്ടെ, തിരഞ്ഞെടുത്ത വിഷയത്തില്‍ അചഞ്ചലമായ മനസ്സോടെ പരീക്ഷണങ്ങള്‍ നടത്തി വിജയിച്ച ഒരു രസതന്ത്രജ്ഞയും. 'റേഡിയോ ആക്റ്റിവത'യെ സംബന്ധിച്ച വിലപ്പെട്ട ഗവേഷണഫലങ്ങള്‍ക്കാണ് ഫിസിക്സിനുള്ള നോബല്‍സമ്മാനം ക്യൂറിദമ്പതികള്‍ മറ്റൊരു ഭൗതികശാസ്ത്രജ്ഞനായ ഹെന്റി ബെക്വെറലു (Henry Becqueral) മൊത്ത് പങ്കുവച്ചത്.

സഹോദരനായ പോള്‍ ഷാക് ക്യൂറി(Paul Jacques Curie)യുമൊത്ത് ക്രിസ്റ്റലോഗ്രഫി, പൈറോ ഇലക്ട്രിസിറ്റി എന്നീ മേഖലകളില്‍ നടത്തിയ പഠനങ്ങള്‍ പീസോ ഇലക്ട്രിസിറ്റിയുടെ (Piezo electricity) കണ്ടുപിടുത്തത്തിന് വഴിതെളിച്ചു. യാന്ത്രിക വിരൂപണത്തിനു വിധേയമാക്കപ്പെടുന്ന ചില ക്രിസ്റ്റലുകളെ മുഖങ്ങളില്‍ വിപരീത ചാര്‍ജുകള്‍ ഉണ്ടാകുന്ന പ്രതിഭാസമാണ് പീസോ ഇലക്ട്രിസിറ്റി. ഈ കണ്ടുപിടിത്തം പിന്നീട് വമ്പിച്ച വ്യാവസായിക പ്രാധാന്യം നേടുകയുണ്ടായി. (ഉദാ. മോണോക്രിസ്റ്റല്‍ നിര്‍മാണം.)

പോള്‍ ഷാക് മറ്റൊരു ജോലി സ്വീകരിച്ച് സ്ഥലം മാറിപ്പോയശേഷം പിയേര്‍ ക്യൂറി ഒറ്റയ്ക്ക് ശാസ്ത്രപരീക്ഷണങ്ങളില്‍ മുഴുകി. ക്രിസ്റ്റലോഗ്രഫിക്കു പുറമേ കാന്തത (magnetism)യിലും ഇദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. വിവിധതരം കാന്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഗുണഭേദങ്ങളനുസരിച്ച് അവയെ ഫെറോകാന്തം (ferro magnet), അനുകാന്തം (para magnet), പ്രതികാന്തം (dia magnet) എന്നിങ്ങനെ വിഭജിച്ച് ഓരോന്നിലും വ്യത്യസ്ത താപനിലയിലുള്ള പ്രതികരണങ്ങള്‍ ക്യൂറി നിരീക്ഷിച്ചു. അനുകാന്തത കേവല താപനിലയുമായി പ്രതിലോമാനുപാതത്തിലാണെന്ന നിഗമനത്തില്‍ ഇദ്ദേഹം എത്തിച്ചേര്‍ന്നു. ഈ നിഗമനമാണ് 'ക്യൂറിനിയമം' എന്നറിയപ്പെടുന്നത്. താപനില ഉയരുമ്പോള്‍ തന്നിരിക്കുന്ന വസ്തുവിന്റെ ഫെറോ കാന്തത കുറയുകയും ഒരു നിശ്ചിത താപനിലയില്‍ അത് അനുകാന്തമായി മാറുകയും ചെയ്യും. ഈ ക്രാന്തിക താപനിലയാണ് 'ക്യൂറിപോയിന്റ്' എന്നറിയപ്പെടുന്നത്.

പുതിയ ശാസ്ത്രോപകരണങ്ങളുടെ നിര്‍മാണത്തിലും പഴയവയുടെ പരിഷ്കരണത്തിലും അതീവ തത്പരനായിരുന്നു ക്യൂറി. പീസോ ഇലക്ട്രിക് ക്വാര്‍ട്സ് ഉപയോഗിച്ച് വളരെ ചെറിയ വൈദ്യുതിപോലും കൃത്യമായി അളക്കുന്ന ഒരു ഉപകരണം ഇദ്ദേഹം നിര്‍മിച്ചു. ക്യൂറി നിര്‍മിച്ച പീസോ ഇലക്ട്രിക് ക്വാര്‍ട്സ് ബാലന്‍സുകളും സ്റ്റീല്‍ കണ്ടന്‍സറുകളും പല സയന്‍സ് ലബോറട്ടറികളും അക്കാലത്ത് ഉപയോഗപ്പെടുത്താന്‍ തുടങ്ങി. കെല്‍വിന്റെ ക്വാഡ്റന്റ് ഇലക്ട്രോമീറ്ററിന്റെ പരിഷ്കരണവും ക്യൂറിയുടെ ശ്രദ്ധേയമായ ഒരു സംഭാവനയാണ്.

മേരിയുമൊത്തു പ്രവര്‍ത്തിച്ചതാണ് പിയേര്‍ ക്യൂറിയുടെ ജീവിതത്തിലെ സുപ്രധാനഘട്ടം. റേഡിയോ ആക്റ്റിവതയെപ്പറ്റിയുള്ള പഠനങ്ങള്‍ ക്യൂറിയെ പ്രസിദ്ധനാക്കുകയും പല പുരസ്കാരങ്ങള്‍ക്കും പദവികള്‍ക്കും അര്‍ഹനാക്കുകയും ചെയ്തു. യുറേനിയം പോലെ റേഡിയോ പ്രസരണശേഷിയുള്ള മറ്റു പദാര്‍ഥങ്ങളുണ്ടോ എന്ന അന്വേഷണത്തിനിടയിലാണ് ക്യൂറിദമ്പതികള്‍ 1898-ല്‍ പൊളോണിയം, റേഡിയം എന്നീ മൂലകങ്ങള്‍ കണ്ടുപിടിച്ചത്. ഏതാനും ഗ്രാം ശുദ്ധറേഡിയത്തിനായി ഇവര്‍ക്ക് രണ്ടു ടണ്ണോളം യൂറേനിയം അയിര് ഉപയോഗിക്കേണ്ടിവന്നു. വികിരണത്തെപ്പറ്റി പഠിക്കാന്‍ പിയേറിന്റെ വൈദ്യുതമാപന ഉപകരണങ്ങള്‍ അത്യന്തം പ്രയോജനപ്പെട്ടു. ഹെന്റി ബെക്വെറലുമായി ചേര്‍ന്ന് റേഡിയം രശ്മികളെപ്പറ്റിയും വിദ്യാര്‍ഥിയായ ലബോര്‍ദു(A. Laborde)മായിച്ചേര്‍ന്ന് റേഡിയം ലവണങ്ങളെപ്പറ്റിയും അനേകം പഠനങ്ങള്‍ ക്യൂറി നടത്തിയിട്ടുണ്ട്. ആര്‍ക്കിയോളജിയിലും ജിയോളജിയിലും ഉപയോഗിക്കാവുന്ന ചില ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ ഈ പഠനങ്ങള്‍ സഹായകമായിട്ടുണ്ട്. റേഡിയോ ആക്റ്റിവതയെ ആസ്പദമാകകി കാലനിര്‍ണയനം നടത്തുന്നത് ഇതിനുദാഹരണമാണ്.

1906 ഏ. 19-ന് പാരിസിലെ ഒരു റോഡുമുറിച്ചു കടക്കുന്നതിനിടയില്‍ കാല്‍ വഴുതി ഒരു കുതിരവണ്ടിക്കടിയില്‍പ്പെട്ടുപോയ ക്യൂറി തത്ക്ഷണം മരിച്ചു. നോ. ക്യൂറി, മേരി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍